മടിക്കൈ ഗ്രാമപഞ്ചായത്ത്
ഭൂമിശാസ്ത്രപരമായി വടക്കേ ഇടനാടില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മടിക്കൈ. ഭൂവിസ്തൃതി 51.83 ച.കി.മീ ആണ്. ഇന്ത്യന്‍ ദേശീയതയുടെ ആദ്യഘട്ടത്തില്‍ 1920-കളില്‍ മടിക്കൈയില്‍ കോണ്‍ഗ്രസിന്റെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു എ.സി.കണ്ണന് നായര്‍. മടിക്കൈയില്‍ ദേശീയപ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ നേതൃത്വം നല്കിയ മറ്റു വ്യക്തികളാണ് എന്‍.സി.കണ്ണന് മാസ്റ്റര്‍, ദാസപ്പന് മാസ്റ്റര്‍ എന്നിവര്‍. 1937-ല്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ് മടിക്കൈയില്‍ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം വളര്‍ന്നുവന്നത്. ഇതിന് തുടക്കം കുറിച്ചത് ചുള്ളിക്കാല്‍ എന്ന സ്ഥലത്ത് ഒരു വായനശാല സ്ഥാപിച്ചുകൊണ്ടായിരുന്നു. സംഘടിത തൊഴിലാളി കര്‍ഷകപ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് മുമ്പ് തന്നെ ഇവിടെയുള്ള കര്‍ഷകര്‍ അവകാശം സംരക്ഷിക്കാനുള്ള സമരങ്ങള്‍ ആരംഭിച്ചിരുന്നു. 1938 കാലത്ത് തന്നെ ജന്മിക്ക് ഭൂമിയൊഴിപ്പിക്കാന്‍ കഴിയാത്ത സ്ഥിതി മടിക്കൈയില്‍ ഉണ്ടായിരുന്നു.