ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂമിശാസ്ത്രപരമായി വടക്കേ ഇടനാടില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മടിക്കൈ. ഭൂവിസ്തൃതി 51.83 ച.കി.മീ ആണ്. ഇന്ത്യന്‍ ദേശീയതയുടെ ആദ്യഘട്ടത്തില്‍ 1920-കളില്‍ മടിക്കൈയില്‍ കോണ്‍ഗ്രസിന്റെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു എ.സി.കണ്ണന്‍ നായര്‍. മടിക്കൈയില്‍ ദേശീയപ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ നേതൃത്വം നല്‍കിയ മറ്റു വ്യക്തികളാണ് എന്‍.സി.കണ്ണന്‍ മാസ്റ്റര്‍, ദാസപ്പന്‍ മാസ്റ്റര്‍ എന്നിവര്‍. 1937-ല്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ് മടിക്കൈയില്‍ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം വളര്‍ന്നുവന്നത്. ഇതിന് തുടക്കം കുറിച്ചത് ചുള്ളിക്കാല്‍ എന്ന സ്ഥലത്ത് ഒരു വായനശാല സ്ഥാപിച്ചുകൊണ്ടായിരുന്നു. സംഘടിത തൊഴിലാളി കര്‍ഷകപ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് മുമ്പ് തന്നെ ഇവിടെയുള്ള കര്‍ഷകര്‍ അവകാശം സംരക്ഷിക്കാനുള്ള സമരങ്ങള്‍ ആരംഭിച്ചിരുന്നു. 1938 കാലത്ത്  തന്നെ ജന്മിക്ക് ഭൂമിയൊഴിപ്പിക്കാന്‍ കഴിയാത്ത സ്ഥിതി മടിക്കൈയില്‍ ഉണ്ടായിരുന്നു. അത്ര ശക്തമായി കര്‍ഷകസംഘം മടിക്കൈയില്‍ വളര്‍ന്നുവന്നിരുന്നു. കോടതിവിധി ഉണ്ടായിട്ടും ജന്മിക്ക് ഭൂമി കൈവശപ്പെടുത്താനോ മറ്റാര്‍ക്കെങ്കിലും മാറ്റികൊടുക്കുവാനോ സാധിച്ചിരുന്നില്ല. 1922-ല്‍ ആരംഭിച്ച മടിക്കൈ എലിമെന്ററി സ്കൂളില്‍ (മേക്കാട്) നിന്ന് തുടങ്ങി, ഇന്ന് മൂന്ന് ഹൈസ്കൂളടക്കം 10 സ്കൂളുകള്‍ ഈ പഞ്ചായത്തിലുണ്ട്. 1937-ല്‍ ചുള്ളികാല്‍ എന്ന സ്ഥലത്ത് ഒരു വായനശാല സ്ഥാപിക്കുന്നതോടെ മടിക്കൈയില്‍ സാംസ്കാരിക പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചു. പഞ്ചായത്തില്‍ ആകെ 5 അംഗീകൃത ഗ്രന്ഥാലയങ്ങള്‍ ഉള്‍പ്പെടെ 15 വായനശാലകളും 40 ഓളം കലാ-കായിക സ്ഥാപനങ്ങളും ക്ളബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ച് ഹരിജനകോളനികളിലും സാംസ്കാരിക നിലയത്തിലും ടി.വി സ്ഥാപിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം കലാകായിക സംഘടനകള്‍ക്കും സ്വന്തമായി കെട്ടിടങ്ങള്‍ ഉണ്ട്. വടക്കെ  മലബാറിന്റെ തനത് കലകളായ പൂരക്കളി, തെയ്യം, മംഗലംകളി (ഹരിജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ളത്) എന്നിവയും പഞ്ചായത്തിന്റെ അനുഷ്ഠാന കലകളാണ്. ഗ്രാമത്തിലെ കണികൂലോം, മടിക്കൈ മാടം, ഏച്ചിക്കാനം തറവാട് എന്നിവിടങ്ങളിലെ പുരാതനകൊത്തുവേലകളും, അവയുടെ നിര്‍മ്മാണത്തിലെ വാസ്തു ശില്പചാതുര്യവും പ്രസിദ്ധമാണ്.